പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. 10,000 കണക്കിന് കാക്കകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചത്തൊടുങ്ങി. ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജനുവരി 12ന് ഭീഗോ മേഖലയിലായിരുന്നു ആദ്യമായി കാക്കകൾ ചത്തൊടുങ്ങിയത്. ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചു റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുനിസിപ്പൽ കൗൺസിലർമാർ, മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർ തുടങ്ങിയവർ പക്ഷിപ്പനി ബാധിച്ച പ്രദേശം സന്ദർശിച്ചു.
ജെസിബി ഉപയോഗിച്ച് ആഴത്തിലുള്ള കുഴികളെടുത്തു ചത്ത കാക്കകളെ മറവുചെയ്തു. എല്ലാ കോഴി ഫാമുകളും പരിശോധിക്കാൻ ജില്ലയിലുടനീളം മൃഗഡോക്ടർമാരെ ചമതലപ്പെടുത്തിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ വേണ്ട നടപടിയെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ. മുഹമ്മദ് ഇന്തിഖാബ് അക്തർ പറഞ്ഞു.
ചത്ത പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അസാധാരണമായി ചത്ത പക്ഷികളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അധികൃതരെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : Bird Flu Darbhanga Bihar