മുംബൈ: ശിവസേന ഉദ്ധവ് താക്കറെയുടെയും എൻസിപി ശരദ് പവാറിന്റെയുമാണെന്ന് പറയാതെ പറഞ്ഞ് വെട്ടിലായി മഹാരാഷ്ട്ര ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ.
ശിവസേനയിലും എൻസിപിയിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ അവകാശത്തർക്കം നിലനിൽക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമർശം. ദേവേന്ദ്ര ഫഡ്നാവിസ് നയിക്കുന്ന സർക്കാരിൽ ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡയും (ശിവസേന) അജിത് പവാറും (എൻസിപി) തുടരുമ്പോൾ മന്ത്രിയുടെ പരാമർശം വിവാദമായിരിക്കുകയാണ്.
ഉദ്ധവിന്റെ ശിവസേനയും (യുബിടി) ശരദ് പവാറിന്റെ എൻസിപിയും (എസ്പി) പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ ഭാഗമാണ്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീലിനു പാളിയത്.
ശിവസേന എപ്പോഴും താക്കറെയുടെ പാർട്ടിയെന്നും പിന്നീട് ഉദ്ധവ് താക്കറെയുടെ പാർട്ടിയെന്നും അറിയപ്പെട്ടിരുന്നു. ഒരുപക്ഷേ ഭാവിയിൽ അത് ആദിത്യ താക്കറെയുടെ പാർട്ടിയെന്നും അറിയപ്പെട്ടേക്കാം. എൻസിപിയുടെ കാര്യവും ഇതുതന്നെയാണ്, ശരദ് പവാറിന്റെ പാർട്ടിയെന്നായിരുന്നു എല്ലായ്പോഴും അറിയപ്പെട്ടിരുന്നത്. ഒരിക്കലും തൊഴിലാളികളുടെ പാർട്ടി എന്നല്ല. മറുവശത്ത്, ബിജെപി എല്ലായ്പോഴും അതിന്റെ പ്രവർത്തകരുടെ പാർട്ടിയെന്നാണ് അറിയപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.
Tags : Sharad Pawar