തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.
അമ്മയ്ക്കൊപ്പം
ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.
പത്തോളം കൂറ്റൻ അപ്പാർട്ട്മെന്റുകൾ
ദൈവത്തിന്റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.
ചേലക്കോട്ടുകരയിൽ കോൺഫിഡന്റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്റ് എലൈറ്റ്, കോൺഫിഡന്റ് ഒറിയോൺ, കോൺഫിഡന്റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്റ് ഗൂപ്പിന്റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്റുകളാണു വില്പനയ്ക്കുള്ളത്.
ഏഴു പേർ ചേർന്നു തുടക്കം
2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്‍, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.
കൂടുതൽ കൊച്ചിയിൽ
കേരളത്തിൽ സി.ജെ. റോയ്യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.
Tags : C.J. Roy Confident Group Dr. Roy C.J business projects company Hospitality real estate Real Estate Developer