സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ 20 കാർ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം. സ്ഫോടനം നടന്ന തിങ്കളാഴ്ച രാവിലെ 8.13ന് ഫരീദാബാദ് ഭാഗത്തുനിന്ന് ബദൽപുർ ടോൾ മാർഗം കാർ ഡൽഹിയിൽ പ്രവേശിച്ചു.
സ്കൂൾ സമയമായതിനാൽ ഡൽഹി അതിർത്തിയിൽ കൂടുതൽ പരിശോധന ഉണ്ടാകില്ലെന്ന അറിവായിരിക്കാം ഈ സമയവും വഴിയും തെരഞ്ഞെടുത്തതെന്നാണു പോലീസിന്റെ അനുമാനം. തുടർന്ന് 8.20 ഓടെ ഓഖ്ല ഇൻഡസ്ട്രിയൽ മേഖലയിലെ പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങളിലും കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ കുറച്ചുനേരം നിർത്തിയശേഷം വൈകുന്നേരം വരെ ഡൽഹിയുടെ പല ഭാഗങ്ങളിലൂടെ കറങ്ങി 3.19ന് ചെങ്കോട്ടയുടെ പാർക്കിംഗ് പ്രദേശത്ത് എത്തുകയായിരുന്നു.
ദരിയാഗഞ്ച്, കാഷ്മീരി ഗേറ്റ്, സുനേരി മസ്ജിദിനു സമീപം സെൻട്രൽ ഓൾഡ് ഡൽഹി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണു കാർ ചെങ്കോട്ടയിലെത്തുന്നത്. മൂന്നു മണിക്കൂർ പാർക്കിംഗ് പ്രദേശത്തുണ്ടായിരുന്ന കാർ ആറരയോടെ അവിടെനിന്നു പുറത്തിറങ്ങി. പിന്നീട് വളരെ പതുക്കെ നീങ്ങി നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ എത്തുന്നതിന് തൊട്ടുമുന്‍പ് 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
1000ത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കാറിന്റെ സഞ്ചാരം പോലീസ് കണ്ടെത്തിയത്. പ്രദേശത്തെ ഫോണ്‍കോളുകൾ പരിശോധിക്കുന്നതിന് ഫോണ്‍ ഡംപിംഗ് നടപടിയും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
Tags : Delhi blast Red fort Blast explosives Car carrying explosive