ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കും എതിരായി നടക്കുന്ന ആക്രമണങ്ങളിൽ അപലപിച്ച് കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).
ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയവർക്കും എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്‍റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അത്യന്തം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ചെയ്ത അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ സംഘർഷമുണ്ടാക്കാനും അക്രമം അഴിച്ചുവിടാനും കാരണമാകുമെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരവും ശക്തവുമായ നടപടികൾ കൈക്കൊള്ളണമെന്നും, രാജ്യത്തുടനീളം ക്രിസ്മസ് സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കാൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ പിആർഒ ഫാ. റോബിൻസൺ റോഡ്രിഗസ് പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags : CBCI condemn violence Christmas celebrations Christians