കൽപ്പറ്റ: ആശ പ്രവർത്തകരെ കേന്ദ്ര സർക്കാർ തൊഴിലാളികളായി അംഗീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ആശമാരെ സ്ഥിരംതൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചപ്പോൾ ആശാ പ്രവർത്തനം സന്നധപ്രവർത്തനം മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനോടു പ്രതികരിക്കുകയായിരുന്നു എംപി. ആശമാർ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണ്. കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് പ്രവർത്തിക്കുന്നവരാണ് അവർ.
വിപുലമായ ഉത്തരവാദിത്വങ്ങളും ദീർഘസമയ പ്രവർത്തനവും ആവശ്യപ്പെടുന്പോഴും അവരെ തൊഴിലാളികളായി അംഗീകരിക്കാൻ തയാറാകാത്തത് ദൗർഭാഗ്യകരമാണ്.
ആഴ്ചയിൽ 40 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ആശമാർക്കു ലഭിക്കുന്ന ഓണറേറിയം മിനിമം കൂലിക്ക് എത്രയോ താഴെയാണ്. ആശമാർ കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
Tags : Priyanka Gandhi Asha workers