ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് വർഗീയ ധ്രുവീകരണത്തിന് അവസരമുണ്ടാക്കുംവിധം ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെതിരേ രാഷ്ട്രപതിക്കു പരാതി നൽകി പ്രതിപക്ഷ എംപിമാർ.
ജഡ്ജിയെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയാവതരണ നോട്ടീസ് സ്പീക്കർക്കു നേരിട്ടു നൽകിയതിനു പിന്നാലെയാണ് പ്രതിപക്ഷം പരാതിയുമായി രാഷ്ട്രപതിയെയും സമീപിച്ചത്.
ജഡ്ജി സ്ഥാനമേറ്റശേഷം അദ്ദേഹത്തിന്റെ പല ഉത്തരവുകളിലെയും നിഷ്പക്ഷത, സുതാര്യത, ജുഡീഷറിയുടെ മതേതര പ്രവർത്തനം എന്നിവയിൽ ഗുരുതര വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ജഡ്ജിയുടെ ചില വിവാദ തീരുമാനങ്ങളും ഉത്തരവുകളും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
തമിഴ്നാട്ടിലെ ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചതിന് നിയമനടപടി നേരിട്ട കത്തോലിക്കാ വൈദികന് ജഡ്ജിയുടെ ബെഞ്ചിൽനിന്ന് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ലെന്നും ‘ക്രിപ്റ്റോ ക്രിസ്ത്യാനികൾ’ എന്ന വിവാദ പരാമർശം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാട് കാരൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടത്തിയിരുന്ന അപരിഷ്കൃത ആചാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരോധിച്ചിരുന്നു.
എന്നാൽ, ഡിവിഷൻ ബെഞ്ചിന്റെ വിധിയെ മറികടന്ന് ആചാരം തുടരാൻ സിംഗിൾ ബെഞ്ച് ജഡ്ജിയായ ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടതായും പരാതിയിൽ പറയുന്നു. സിംഗിൾ ബെഞ്ചിന്റെ നടപടി അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് പിന്നീട് വിധി റദ്ദാക്കി. ഇത്തരം പക്ഷപാതപരമായ ഇടപെടലാണു ജസ്റ്റീസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ചിൽനിന്ന് ഉണ്ടാകുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
ഇതോടൊപ്പം ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട അഭിഭാഷകർക്ക് പ്രത്യേകിച്ചും ബ്രാഹ്മണ സമൂഹത്തിൽനിന്നുള്ളവർക്കും വലതുപക്ഷ പ്രത്യേയശാസ്ത്രങ്ങളുമായി യോജിക്കുന്നവർക്കും കേസുകൾ പരിഗണിക്കുന്നതിൽ സ്ഥിരമായി മുൻഗണന നൽകുന്നതായും പരാതിയിൽ ആരോപിക്കുന്നു. പൊതുസമൂഹത്തിനു മുന്നിൽ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ നടത്തിയ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോകളുടെ യുട്യൂബ് ലിങ്കുകളും പരാതിക്കൊപ്പം ചേർത്താണു പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിക്കു കൈമാറിയത്.
Tags : Complaint Indian President Madras High Court judge G.R. Swaminadan Madura bench