ന്യൂഡൽഹി: എത്യോപ്യയിലെ എര്‍ട്ട എയ്ൽ മേഖലയിലെ ഹയ്ലി ഗുബ്ബി അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്നുണ്ടായ പുകപടലത്തിന്റെ ഭീഷണിയിൽനിന്ന് ഇന്ത്യ മുക്തമായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്നലെ രാത്രിയോടെ ചാരമേഘങ്ങൾ ചൈനയിലേക്കു നീങ്ങിയെന്നും അധികൃതർ അറിയിച്ചു.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ചാരവും സള്‍ഫര്‍ ഡയോക്സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലം ഞായറാഴ്ച മുതലാണു പുറത്തേക്ക് വമിച്ചുതുടങ്ങിയത്. തിങ്കളാഴ്ച ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളുടെ ആകാശത്തും പുകപടലം പരന്നു. ഇതോടെ കേരളത്തിലേക്കുള്ളതടക്കം നിരവധി വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാനിർദേശം നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനത്തിൽ ആളപായമുണ്ടായില്ലെങ്കിലും സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിപ്പോയി. നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ചത്തു.
സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്കും കാരണമായി. സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിക്കുകയും ഉത്തരേന്ത്യയിലേക്ക് നീങ്ങിയെത്തുകയുമായിരുന്നു.
അഗ്നിപർവത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിവിധ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.
Tags : spy clouds have left India ethiopia