ബെംഗളൂരു: ബെംഗളൂരുവിൽ ഐടി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലായിരിക്കും സംസ്കാരം.
പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒന്നുവരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി.ജെ. റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
സി.ജെ. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
Tags : Confident Group C.J. Roy funeral today investigation death