ന്യൂഡൽഹി: ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ചിത്രവുമായി മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന കോണ്‍ഗ്രസിന്റെ പ്രവർത്തക സമിതിയോഗത്തിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ദിഗ്വിജയ് സിംഗിന്റെ പോസ്റ്റ് ചർച്ചയായെന്നാണു സൂചന.
ബിജെപി മുൻ അധ്യക്ഷൻ എൽ.കെ. അഡ്വാനിയുടെയും മറ്റുള്ളവരുടെയും കൂടെ മോദി ഒരു പൊതുറാലിയിൽ സംബന്ധിക്കുന്ന, തീയതി രേഖപ്പെടുത്താത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ദിഗ്വിജയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ചിത്രത്തിൽ അഡ്വാനിയും മറ്റു ചിലരും കസേരകളിൽ ഇരിക്കുന്നതും മോദി അവർക്ക് മുന്‍പിലായി നിലത്തിരിക്കുന്നതും കാണാം. ഇതിനെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാസംവിധാനത്തെ ദിഗ്വിജയ് പ്രകീർത്തിച്ചത്.
നേതാക്കളുടെ കാൽക്കീഴിൽ തറയിലിരുന്ന ആർഎസ്എസിന്റെ സ്വയം സേവകനും ജനസംഘിന്റെ പ്രവർത്തകനുമായിരുന്നൊരാൾ എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറിയത് എന്നായിരുന്നു ദിഗ്വിജയ് ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ്. ഇതാണ് സംഘടനയുടെ ശക്തിയെന്നും ജയ് സിയാറാമെന്നും ദിഗ്വിജയ് കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
മോദിയോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഖാർഗെയെയും രാഹുലിനെയും പ്രിയങ്കയെയും ജയ്റാം രമേശിനെയും ടാഗ് ചെയ്തിട്ടുള്ള പോസ്റ്റ് ഹൈക്കമാൻഡിനുള്ള സന്ദേശമാണെന്നും വ്യക്തമാണ്.
പോസ്റ്റ് വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും കടുത്ത വിരോധി തന്നെയാണ് താനെന്നു വ്യക്തമാക്കിയ ദിഗ്വിജയ് തന്നെ തെറ്റിദ്ധരിച്ചുവെന്നും താൻ ബിജെപിയുടെ സംഘടനാസംവിധാനത്തെ മാത്രമാണ് പ്രകീർത്തിച്ചതെന്നും പ്രവർത്തകസമിതിയോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസിനുള്ളിൽ പരിഷ്കരണങ്ങൾ വേണമെന്നാവശ്യപ്പെട്ടു ദിഗ്വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവിനു കത്തെഴുതിയിരുന്നു.
Tags : CWC Digvijay Singh expost controversial