ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ സ്കൂളുകളിലും കോളജുകളിലും കണ്ടന്‍റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രഖ്യാപനം. 15,000 സ്കൂളുകളിലും 500 കോളജുകളിലും കണ്ടന്‍റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് മേഖല അതിവേഗം വളരുകയാണെന്നും
2030 ആകുമ്പോഴേക്കും ഈ രംഗത്ത് 20 ലക്ഷം പ്രഫഷണലുകളെ ആവശ്യമായി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്‍റെ സഹകരണത്തോടെ ലാബുകൾ സജ്ജമാക്കും. കൂടാതെ, ഗുജറാത്തിലെ ജാംനഗറിൽ പുതിയ ആയുർവേദ കേന്ദ്രം സ്ഥാപിക്കുമെന്നും ആഗോള സഹകരണത്തോടെ വെറ്ററിനറി കോളജുകളും ഡയഗ്നോസ്റ്റിക് ലാബുകളും പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തി സേവന മേഖലയെ ശക്തിപ്പെടുത്താനായി എഡ്യൂക്കേഷൻ ടു എംപ്ലോയ്മെന്‍റ് ആൻഡ് എന്‍റർപ്രൈസ് ഉന്നത സമിതി രൂപീകരിക്കാനും ബജറ്റിൽ നിർദേശമുണ്ട്. 2047ൽ ആഗോള സേവന വിപണിയിൽ ഇന്ത്യയുടെ വിഹിതം 10 ശതമാനമായി ഉയർത്തുകയാണ് ഇതിന്‍റ ലക്ഷ്യം.
ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ തൊഴിൽ മേഖലയിൽ ചെലുത്തുന്ന സ്വാധീനം പഠിക്കാനും പുതിയ തൊഴിൽ അവസരങ്ങളും സാധ്യതകളും കണ്ടെത്താനും ഈ സമിതി മുൻകൈ എടുക്കുമെന്നു മന്ത്രി അറിയിച്ചു.
Tags : Content Creator Labs Schools and Colleges union budgets nirmala sitaraman