ന്യൂഡൽഹി: ചെങ്കോട്ട ചാവേർ സ്ഫോടനത്തിൽ ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും ചാവേറുമായ ഉമർ നബിക്ക് അഭയം നൽകിയതിന് ഫരീദാബാദിലെ ദൗജ് സ്വദേശി സോയബിനെയാണ് ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് തൊട്ടുമുന്പ് ഉമറിന് ഇയാൾ സാങ്കേതിക പിന്തുണ നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉമറിന് സഹായം നൽകിയ ആറുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ഏകോപിപ്പിച്ച് തെരച്ചിൽ തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
സ്ഫോടനത്തിനു പിന്നിലെ മുഴുവൻ ഭീകരവാദികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയും മുഖ്യപ്രതികളിൽ ഒരാളുമായ കാഷ്മീർ സ്വദേശി ജാസിർ ബിലാലിനെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ വൈറ്റ് കോളർ മൊഡ്യൂളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
Tags : Delhi blasts Chenkota blast Red fort blast NIA NIA registers seventh arrest