ന്യൂഡല്‍ഹി: ആർ.ജെ.ഡി. അധ്യക്ഷനും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ 'ജോലിക്ക് പകരം ഭൂമി' അഴിമതി കേസില്‍ കുറ്റം ചുമത്തി ഡല്‍ഹി റൗസ് അവന്യൂ കോടതി. സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെയാണ് കുറ്റം ചുമത്തിയത്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പട്ടുള്ള കുറ്റാരോപിതരുടെ അപേക്ഷ തള്ളിയാണ് കോടതി നടപടി.
2004-2009 കാലഘട്ടത്തില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോൾ, റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികകളില്‍ നിയമനം നല്‍കുന്നതിന് പ്രത്യുപകാരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സൗജന്യമായി ഭൂമി കൈമാറ്റം ചെയ്തുവാങ്ങി എന്നാണ് സിബിഐയുടെ പ്രധാന ആരോപണം. ഇത്തരത്തില്‍ വാങ്ങിയ ഭൂമികള്‍ ലാലുവിന്‍റെ കുടുംബാംഗങ്ങളുടെ പേരിലോ അവരുമായി ബന്ധപ്പെട്ട കമ്പനികളിലോ രജിസ്റ്റര്‍ ചെയ്തു.
പ്രതിപ്പട്ടികയില്‍ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ് (മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി), തേജ് പ്രതാപ് യാദവ്, മിസാ ഭാരതി (രാജ്യസഭാ എംപി), ഹേമ യാദവ് എന്നിവരും ഉള്‍പ്പെടുന്നു. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരും സഹായികളുമടക്കം നിരവധി പേര്‍ കേസിലെ പ്രതികളാണ്.
കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. 'ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രാലയത്തെ തന്‍റെ സ്വകാര്യ സാമ്രാജ്യമാക്കി മാറ്റി ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ് നടത്തിയെന്നും പൊതുസേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി കുടുംബത്തിന് സ്വത്ത് സമ്പാദിച്ചുവെന്നും ജഡ്ജി നിരീക്ഷിച്ചു. ജനുവരി അവസാനം കേസില്‍ പൂര്‍ണ വിചാരണ നടക്കും.
Tags : Delhi Court Lalu Prasad Yadav Land for Job scam