ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ 800-ലധികം ആളുകളെ കാണാതായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. 2026 ജനുവരിയിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 807 പേരെ കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ജനുവരി ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ 807 പേരെയാണ് കാണാതായത്. ഇതിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളുമാണ്. കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയം അടിയന്തരമായി കേൾക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും, കേസ് സാധാരണ ക്രമത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണർക്കും കമ്മീഷൻ നോട്ടീസ് അയച്ചു.
Tags : Delhi Missing cases High Court