ന്യൂഡൽഹി: ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിആർ) മലിനീകരണം രൂക്ഷമായതിനാൽ ഇവിടുത്തെ സ്കൂളുകളിലെ കായികപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതു പരിശോധിക്കണമെന്നു സുപ്രീംകോടതി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോടാണ്(സിഎക്യുഎം) നിർദേശിച്ചത്.
വായുമലിനീകരണത്തിന്റെ ഏറ്റവും കൂടിയ സമയമാണെങ്കിലും സ്കൂളുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രദേശത്തെ വായുഗുണനിലവാര അടിയന്തരാവസ്ഥയ്ക്ക് സ്ഥിരമായ ജുഡീഷൽ മേൽനോട്ടം ആവശ്യമാണ്. എല്ലാ മാസവും ഇത് അവലോകനം ചെയ്യണമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
മുതിർന്നവർ എയർ പ്യൂരിഫയറുകൾ ഉപയോഗിച്ച് വീടിനുള്ളിൽ ഇരിക്കുന്നതും വിദ്യാർഥികൾ "ഗ്യാസ് ചേംബറിൽ’ പുറത്ത് പരിശീലനം നടത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് ചൂണ്ടിക്കാട്ടി.
Tags : Delhi pollution Supreme Court school sports