ന്യൂഡൽഹി: ഹോട്ടലിൽ സൗജന്യമായി താമസിക്കണമെന്ന ആവശ്യം ജീവനക്കാരൻ നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് വിദേശ പൗരൻ. ഡൽഹിയിലെ പഹാർഗഞ്ചിലെ വൈറ്റ് ഗ്ലോ ഹോട്ടലിന് പുറത്താണ് 29 വയസുകാരനായ തുർക്ക്മെനിസ്ഥാൻ പൗരൻ ജെയ്ഹുൻ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്.
ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ ജെയ്ഹുൻ ഹോട്ടലിൽ താമസിച്ചിരുന്നു. ഫെബ്രുവരി 11 ന് മദ്യ ലഹരിയിൽ ഹോട്ടലിലെത്തിയ അദ്ദേഹം മുറി ആവശ്യപ്പെട്ടു. തന്റെ പക്കൽ പണമില്ലെന്നും ജീവനക്കാരോടു പറഞ്ഞു.
എന്നാൽ മുറികൾ ഒഴിവില്ലെന്ന് ജീവനക്കാർ അദ്ദേഹത്തോടു പറഞ്ഞു. ഇതിൽ കുപിതനായ ജെയ്ഹുൻ കത്തിയെടുത്തു കഴുത്തറക്കാൻ ശ്രമിച്ചു. ഹോട്ടൽ ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. എന്നാൽ അപ്പോഴേക്കും ഇയാൾക്ക് ഗുരുതരമായി മുറിവേറ്റിരുന്നു.
ഇയാളെ ഉടൻ തന്നെ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Tags : Free Stay Denied Foreigner Slit Throat Delhi Hotel