ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് സുപ്രീംകോടതി. രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടയിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ അഭിപ്രായപ്രകടനം.
ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ തവണ വാദം കേൾക്കലിനിടയിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ സിബിഐയ്ക്ക് കൈമാറുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറിൽ സിബിഐ കൈമാറി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ സിബിഐയുടെ പക്കലുണ്ടോ എന്നതിനടക്കമുള്ള മറുപടിയാണ് സിബിഐ കോടതിക്ക് കൈമാറിയത്. കേസിൽ നവംബർ 10ന് വീണ്ടും വാദം കേൾക്കും.
കഴിഞ്ഞ മാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽ നിന്നും കവർന്നു എന്ന് ചൂണ്ടിക്കാട്ടി വൃദ്ധ ദന്പതിമാർ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സ്വമേധയാ കേസെടുത്തത്.
Tags : Digital arrest Supreme Court