ന്യൂഡൽഹി: മൂല്യനിർണയം ഡിജിറ്റലാക്കാനൊരുങ്ങി സിബിഎസ്ഇ. 12-ാം ക്ലാസ് വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ ഇനി ഓണ്‍-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം അവതരിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
ഈമാസം 17ന് ആരംഭിക്കുന്ന ഈ വർഷത്തെ ബോർഡ് പരീക്ഷകൾ മുതലായിരിക്കും പുതിയ സംവിധാനം ആരംഭിക്കുക. പരീക്ഷാ മൂല്യനിർണയത്തിന്റെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നടപടിയെന്ന് സിബിഎസ്ഇക്കു കീഴിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു ലഭിച്ച സന്ദേശത്തിൽ പറയുന്നു.
ഉത്തരപേപ്പറുകൾ പരന്പരാഗത രീതിയിൽ പരിശോധിക്കുന്നതിനു പകരം കംപ്യൂട്ടറുകളോ ടാബുകളോ ഉപയോഗിച്ച് ഡിജിറ്റലായി പരിശോധിക്കുന്നതാണ് പുതിയ സംവിധാനം. വിദ്യാർഥികൾ സാധാരണപോലെ പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷാഹാളിലാണു പരീക്ഷയെഴുതുന്നതെങ്കിലും ഈ ഉത്തരപേപ്പറുകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്തതിനുശേഷമാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്.
ആകെ മാർക്കുകൾ കണക്കുകൂട്ടുന്പോഴുണ്ടാകുന്നത് ഉൾപ്പെടെ സാധാരണ ഗതിയിൽ ഉത്തരപേപ്പറുകൾ നോക്കുന്പോഴുണ്ടാകുന്ന തെറ്റുകൾ ഡിജിറ്റൽ മൂല്യനിർണയത്തിലൂടെ കുറയ്ക്കാൻ കഴിയും. ഇതോടൊപ്പം പേപ്പറുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ് ക്കുന്പോഴുണ്ടാകുന്ന ചെലവുകളും കുറയ്ക്കാം.
അധ്യാപനജോലികൾക്കു തടസം വരാതെ അധ്യാപകർക്കു സ്വന്തം സ്കൂളുകളിൽനിന്നുതന്നെ മൂല്യനിർണയം നടത്താമെന്നതിനാൽ കൂടുതൽ അധ്യാപകർക്ക് ഉത്തരക്കടലാസുകൾ പരിശോധിക്കാമെന്നും ഇതിലൂടെ വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാമെന്നതും ഡിജിറ്റൽ മൂല്യനിർണയത്തിന്റെ നേട്ടങ്ങളാണ്.
പുതിയ സംവിധാനത്തിനായി ആവശ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സിബിഎസ്ഇ സ്കൂളുകളോടു നിർദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ മൂല്യനിർണയമെന്ന ആശയം 2014-15 അധ്യയനവർഷത്തിൽ അവതരിപ്പിച്ചതായിരുന്നുവെന്നും എന്നാൽ അക്കാലത്ത് ചെലവ് ഫലപ്രദമല്ലാത്തതിനാലും ഡിജിറ്റൽ സാക്ഷരത കുറവായിരുന്നതിനാലും കാലതാമസം നേരിട്ടുവെന്നും അന്ന് സിബിഎസ്ഐ ബോർഡ് സെക്രട്ടറിയും ഇപ്പോൾ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗണ്‍സിലിന്റെ (സിഐഎസ് സിഇ) ചീഫ് എക്സിക്യൂട്ടീവുമായ പാലാ സ്വദേശി ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
Tags : Digital assessment CBSE 12th Class exams OSM