ന്യൂഡൽഹി: വ്യക്തിഗത വിവരങ്ങളുടെ ശേഖരിക്കൽ, സൂക്ഷിക്കൽ, സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ (ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്- ഡിപിഡിപി) നിയമത്തിലെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.
പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം ആവശ്യമാണെന്ന് 2017ൽ ഒരു വിധിന്യായത്തിൽ സുപ്രീംകോടതി വ്യക്തമാക്കിയതിനെത്തുടർന്നാണ് 2023ൽ പാസാക്കിയ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ നിയമം പ്രാബല്യത്തിൽ വരുത്തുന്നത്. പാർലമെന്റിൽ നിയമം പാസാക്കി രണ്ടു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കുന്നത്.
വ്യവസായമേഖലയിലും സർക്കാർ സ്ഥാപനങ്ങളിലും നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലും (ഡിപിബിഐ) നിയമത്തിന്റെ പല വ്യവസ്ഥകളും ബാധകമാകും. എന്നാൽ, 2026 അവസാനത്തോടെയും 2027 മധ്യത്തോടെയുമാണ് നിയമം പൂർണമായും പ്രാബല്യത്തിൽ വരിക. ദേശീയ സുരക്ഷ, ഡിജിറ്റൽ സാന്പത്തികവളർച്ചയുമായി ബന്ധപ്പെട്ട ആഭ്യന്തര മുൻഗണനകൾ എന്നിവയെ നിയമം ഏകോപിപ്പിക്കുമെന്നാണ് കരുതുന്നത്.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2023 ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ നിയമം ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്ന സ്വകാര്യ കന്പനികൾ അത് മറ്റൊരിടത്തും വെളിപ്പെടുത്താതെ സംരക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. വ്യവസ്ഥ ലംഘിക്കുന്ന കന്പനികൾക്ക് പിഴ ചുമത്തും. സർക്കാർ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. അതുകൊണ്ടുതന്നെ ഇതിൽ സുതാര്യതയില്ലെന്നും 2005 ലെ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നുവെന്നുമുള്ള വിമർശനം ഉയർന്നിട്ടുണ്ട്.
ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യക്ക് നാല് അംഗങ്ങൾ ഉണ്ടായിരിക്കും. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഇവരുടെ നിയമനം നടത്തുക. ശന്പള- സേവന വ്യവസ്ഥകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡാറ്റാ ലംഘനങ്ങൾ ഉണ്ടായാൽ ഈ അംഗങ്ങൾ അന്വേഷണം നടത്തി കുറ്റക്കാർക്ക് പിഴ ചുമത്തും.
Tags : Digital Personal Data Protection Act Private sector Public Sectior Data Protection board of India DPDP