താനെ: മുൻ ആർഎസ്എസ് സർസംഘചാലക് എം എസ്. ഗോൾവാൾക്കറെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളാനാവില്ലെന്ന് മഹാരാഷ്ട്രയിലെ താനെ കോടതി. കേസ് റദ്ദാക്കണമെന്ന സിംഗിന്റെ അപേക്ഷ തള്ളിക്കൊണ്ട് സിവിൽ ജഡ്ജി രാജേഷ് ബി. ഖണ്ഡാരെയാണ് ഉത്തരവിട്ടത്.
2023 ജൂലൈ എട്ടിന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ദിഗ്വിജയ് സിംഗ് ഗോൾവാൾക്കറുടേതെന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചത്. ദളിതർക്കും മുസ്ലിംകൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷ് ഭരണമാണെന്ന് ഗോൾവാൾക്കർ പറഞ്ഞതായാണ് പോസ്റ്റിൽ അവകാശപ്പെട്ടത്.
എന്നാൽ ഈ ഉദ്ധരണികൾ വ്യാജമാണെന്നും ആർഎസ്എസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ചമച്ചതാണെന്നും ആരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പാനേക്കറാണ് കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Tags : Digvijay Singh Defamation case RSS