ഭോപ്പാൽ: മധ്യപ്രദേശിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കിടെ സർക്കാർ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം.
സൈലാന നിയമസഭാ മണ്ഡലത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നായിബ് തഹസിൽദാർ രാംകലേഷ് സാകേത്, ബൂത്ത് ലെവൽ ഓഫീസർ വിക്രം സിംഗ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി രത്ലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
എസ്ഐആറുമായി ബന്ധപ്പെട്ട പരിശോധനാ ജോലികൾക്കായി രത്ലാമിനടുത്തുള്ള ജുൽവാനിയയിൽ എത്തിയപ്പോൾ മദ്യപിച്ച് മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ ജീവനക്കാർക്ക് നേരെ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നു.
റാത്തോഡിന്റെ കൈയ്ക്കും വയറിനും പരിക്കേറ്റു. അക്രമികൾ ഉമർ ഗ്രാമത്തിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേരായ സയ്സിംഗ് (28), ബാപി താഡ് (55) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായ ഷോക്സിംഗ് (31) ഒളിവിലാണ്. മൂവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Tags : Drunk Villagers Attack Voter Roll Clean-Up Team Madhya Pradesh