ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 7500 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി.
അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡൽഹിയിലെ റിലയൻസ് സെന്റർ പ്രോപ്പർട്ടി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലെ നാൽപ്പതോളം സ്വത്തുക്കൾ എന്നിവയാണ് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയത് .
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നീ കന്പനികൾ സ്വരൂപിച്ച പൊതുഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഇത് വെളുപ്പിച്ചെന്നുമാണ് കേസ്. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് 2,965 കോടി രൂപയാണ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചിരുന്നത്. ഇതേകാലയളവിൽ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ 2,045 കോടി രൂപയും നിക്ഷേപിച്ചു.
2019 ഡിസംബറിൽ ഈ നിക്ഷേപങ്ങൾ നിഷ്ക്രിയമായി മാറി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന് 1,353 കോടി രൂപയും റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിന് 1,984 കോടി രൂപയും കുടിശികയായെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് കാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കന്പനികളിൽ നിന്നുള്ള ഓഹരികൾ കടലാസ് കന്പനികൾ വഴിതിരിച്ചുവിട്ട് 28,874 കോടി രൂപ തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ദിവസം അന്വേഷണാത്മക റി പ്പോർട്ട് ന്യൂസ് പോർട്ടലായ കോബ്രാപോസ്റ്റ് പുറത്തുവിട്ടിരുന്നു.
Tags : Anil Ambani ED attaches Anil Ambani asset