ന്യൂഡൽഹി: കാൽ പതിറ്റാണ്ടിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂടായിരിക്കുമെന്നും ലോകജനസംഖ്യയുടെ പകുതിയോടടുത്ത് ഇതു നേരിടേണ്ടിവരുമെന്നും ഓക്സ്ഫഡ് സർവകലാശാലയുടെ പഠന റിപ്പോർട്ട്. ഫോസിൽ ഇന്ധനങ്ങളുടെ നിരന്തരമായ ഉപയോഗമാണ് ഇതിനു പ്രധാന കാരണമായി പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വ്യാവസായിക വിപ്ലവത്തിനുമുമ്പുള്ള ആഗോള താപനിലയേക്കാൾ രണ്ടു ഡിഗ്രി സെൽഷസ് കൂടി ഉയർന്നാൽ 2050ഓടെ 380 കോടി ജനങ്ങൾ കടുത്തതും അപകടകരവുമായ ചൂടിനു വിധേയമാകേണ്ടിവരുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. ലോകജനസംഖ്യയുടെ ഏകദേശം 41 ശതമാനം വരുമിത്.
2010ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 23 ശതമാനമായ 154 കോടി ജനങ്ങളാണ് ആ വർഷം കടുത്ത ചൂടിനു വിധേയമായിരുന്നത്. എന്നാൽ ബഹിർഗമനം വേഗത്തിൽ കുറച്ചില്ലെങ്കിൽ നൂറ്റാണ്ടിന്റെ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമാകുമെന്നാണ് ഓക്സ്ഫഡിന്റെ പഠനറിപ്പോർട്ട്.
കടുത്ത ചൂട് ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിൽ നൈജീരിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയും റിപ്പോർട്ടിലുണ്ട്. 32 ഡിഗ്രി സെൽഷസ് താപനിലയ്ക്കു മുകളിൽ പല ദിവസങ്ങളിലായി നിലനിൽക്കുന്ന, അസാധാരണമായ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയെയാണ് സാധാരണയായി കടുത്ത ചൂടായി വ്യാഖ്യാനിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിൽ (2015-24) ഇന്ത്യയുടെ ശരാശരി താപനില 0.9 ഡിഗ്രി സെൽഷസ് വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകളുണ്ട്.
Tags : Extreme heat Oxford decade Oxford University fossil fuels