ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതിയായ വനിതാഡോക്ടർ ഷഹീൻ സയീദ് ദുബായിലേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ട ഫരീദാബാദ് അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറായ ഷഹീന്റെ പാസ്പോർട്ട് അപേക്ഷയുടെ പരിശോധനയ്ക്കിടെ എടുത്ത ഫോട്ടോ പോലീസ് പരസ്യപ്പെടുത്തി.
ലക്നോ സ്വദേശിയും ഭീകരസംഘത്തിലെ പ്രധാനികളിലൊരാളുമായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയുടെ സഹപ്രവർത്തകയും സുഹൃത്തുമായ ഡോ. ഷഹീൻ പാസ്പോർട്ടിന് അപേക്ഷിച്ചത് അടുത്തിടെയാണ്. ഡോക്ടർമാർ ഉൾപ്പെട്ട ഭീകരസംഘം പദ്ധയിട്ടിരുന്ന ഭീകരാക്രമണപരന്പരയ്ക്കു മുന്പായോ പിന്നീടോ രാജ്യം വിടാൻ ലക്ഷ്യമിട്ടാണു ഷഹീൻ പാസ്പോർട്ടിന് അപേക്ഷിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. പാക് ഭീകരൻ മസൂദ് അസറിന്റെ സഹോദരിയുടെ നേതൃത്വത്തിലുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാ തീവ്രവാദി ഗ്രൂപ്പ് ഇന്ത്യയിൽ രൂപീകരിക്കാൻ ഷഹീനെയാണു ചുമതലപ്പെടുത്തിയിരുന്നത്.
വനിതാഡോക്ടറുടെ പാസ്പോർട്ട് അപേക്ഷയുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനിടെയാണു സംഘാംഗമായ ഡോ. മുസമ്മിലിന്റെ വാടക കെട്ടിടത്തിൽനിന്നു വൻ സ്ഫോടകശേഖരം കണ്ടെടുത്തത്. കഴിഞ്ഞ മാസം 30ന് ഫരീദാബാദിൽനിന്നു മുസമ്മിലിനെയും ആദിൽ അഹമ്മദ് റാത്തറിനെയും അറസ്റ്റ് ചെയ്തിരുന്നു. അൽ ഫലാ മെഡിക്കൽ കോളജിലെ ഇവരുടെ മറ്റൊരു സഹപ്രവർത്തകനായ ഡോ. ഉമർ നബി ഇതിനിടെ ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തി. ഇതേത്തുടർന്നാണു പാസ്പോർട്ട് അപേക്ഷകയുടെ ഭീകരബന്ധം വെളിവായത്.
കൂട്ടാളികളുടെ അറസ്റ്റിനെയും ഫരീദാബാദിൽനിന്നു സ്ഫോടകവസ്തു ശേഖരം പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് ഷഹീനയുടെ നീക്കങ്ങൾ ഫരീദാബാദ് പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നിന് അൽ ഫലാ സർവകലാശാല കാന്പസിലേക്ക് അവളുടെ ഫോട്ടോയെടുക്കാൻ പോലീസുകാരെ അയച്ചു. ഡോ. ഷഹീനയെ 11ന് ലക്നോയിൽ അറസ്റ്റ് ചെയ്തതോടെ ഇവരുടെ ഭീകരബന്ധം വ്യക്തമായി.
ജമ്മു കാഷ്മീർ, ഹരിയാന, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഡോക്ടർമാരുടെ വെള്ളക്കോളർ ഭീകരശൃംഖലയുടെ കൂടുതൽ ചുരുളുകൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് ഡോ. ഷഹീന്റെ ഭീകരബന്ധം പുറത്തുവന്നത്.
Tags : Female doctor Dr. shaheen Delhi explosion Red Fort Explosion Chenkota explosion