ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുർ സീറോ-മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡോമിനിക് കോക്കാട്ട് (93) കാലംചെയ്തു. ഗോരഖ്പുരിലെ ഫാത്തിമ ആശുപത്രിയിൽ രാവിലെ 11-നായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബർ 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1984 മുതൽ 2006 വരെ 22 വർഷം ഗോരഖ്പുർ രൂപതാധ്യക്ഷനായി മാർ ഡോമിനിക് കോക്കാട്ട് സേവനമനുഷ്ഠിച്ചു.
1932 ഫെബ്രുവരി 23ന് വൈക്കത്ത് ജനിച്ച അദ്ദേഹം 1953 ൽ ചെറുപുഷ്പ സഭയിൽ അംഗമായി. പൂനയിലും ശ്രീലങ്കയിലെ കാൻഡിയിലുമായിരുന്നു അദ്ദേഹത്തിന്റെ വൈദികപഠനം. 1960 ഒക്ടോബർ നാലിന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.
ആലുവയിലെ സിഎസ്ടി ഫിലോസഫിക്കൽ സെമിനാരിയുടെ വൈസ് റെക്ടർ, ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ, പഞ്ചാബിലെ സിഎസ്ടി മിഷൻ സുപ്പീരിയർ തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
1978 മുതൽ 1982 വരെ സിബിസിഐയുടെ അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം. 1984 ഒക്ടോബർ നാലിന്, പുതുതായി സ്ഥാപിതമായ ഗോരഖ്പുർ രൂപതയുടെ ബിഷപ്പായി അദ്ദേഹം നിയമിതനായി.
കാനഡയിലെ കോഡി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമ നേടിയ അദ്ദേഹം 1988 ൽ, കോൺഗ്രിഗേഷൻ ഓഫ് ദി ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് (എൽഎസ്ടി) സന്യാസസഭ സ്ഥാപിച്ചു.
Tags : Gorakhpur Bishop Mar Dominic Kokkat