ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരുമായി സമവായത്തിലെത്തിയെന്ന് സുപ്രീംകോടതിയെ ഗവർണർ രേഖാമൂലം അറിയിച്ചു.
സാങ്കേതിക സർവകലാശാലാ വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലാ വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാൻ കഴിഞ്ഞ 14ന് ലോക്ഭവനിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായാണു ഗവർണറുടെ സ്റ്റാൻഡിംഗ് കൗണ്‍സൽ വെങ്കിട്ട് സുബ്രഹ്മണ്യം മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ അറിയിച്ചത്.
കോടതിയുടെ മുൻ നിർദേശപ്രകാരം വിസി നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സെർച്ച് കമ്മിറ്റി തലവനായ ജസ്റ്റീസ് ധൂലിയയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സമവായം അന്തർധാരയുടെ ഭാഗം: കെ.സി. വേണുഗോപാൽ
വിസി നിയമനത്തിലെ സമവായം മുകളിൽനിന്നു ലഭിച്ച നിർദേശപ്രകാരമുള്ള അന്തർധാരയുടെ ഭാഗമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിതന്നെ ആക്ഷേപം ഉന്നയിച്ചവരെ നിയമിക്കാൻ ഗവർണർ കൂട്ടുനിന്നു.
സിസ തോമസിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയത് മുഖ്യമന്ത്രിതന്നെയായിരുന്നു. എന്നാൽ, ആ ആരോപണങ്ങളെല്ലാം ഇപ്പോൾ ആവിയായിപ്പോയി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Tags : Governor Supreme Court VC appointment Consensus