അഹമ്മദാബാദ്: ഗുജറാത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാര്യയെയും മക്കളെയും കൊന്ന് മൃതദേഹം കുഴിച്ചുമൂടി. സംഭവത്തിൽ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ശൈലേഷ് ഖംബ്ല(39)യെ പോലീസ് അറസ്റ്റ് ചെയ്തു.
നയന (42), ഒൻപത്, 13 പ്രായമുള്ള മകനും മകളുമാണ് കൊല്ലപ്പെട്ടത്. ഭാവ്നഗറിലെ തലജ റോഡിലെ ഫോറസ്റ്റ് കോളനിയിലെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ആറടി താഴ്ചയുള്ള കുഴിയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ മാസം ആദ്യം മുതലാണ് ഇവരെ കാണാതായത്. അന്വേഷണത്തിനിടെ ഭാര്യയുടെയും മക്കളുടെയും തിരോധാനത്തിൽ ഇയാൾക്ക് വിഷമമില്ലാതിരുന്നത് പോലീസിൽ സംശയം തോന്നിപ്പിച്ചിരുന്നു.
തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പൊരുത്തകേടുകൾ കണ്ടെത്തി. തുടരന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ശൈലേഷ് ആണെന്ന് കണ്ടെത്തിയത്.
സൂറത്തിലെ ഭർതൃവീട്ടിൽ താമസിച്ചിരുന്ന നയനയും കുട്ടികളും നവംബർ ആദ്യം ദീപാവലി അവധിയോട് അനുബന്ധിച്ച് ഭർത്താവിന്റെ അടുക്കലെത്തിയത്. നവംബർ അഞ്ചിന്, താൻ ജോലിക്ക് പോയ സമയം ഭാര്യ മക്കളുമായി വീടുവിട്ടിറങ്ങിയെന്ന് അവകാശപ്പെട്ട് ശൈലേഷ് പോലീസിനെ സമീപിക്കുകയായിരുന്നു.
നയനയും കുട്ടികളും ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ തന്നോട് പറഞ്ഞെന്ന് ശൈലേഷ് പോലീസിന് മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിൽ ഇക്കാര്യം സെക്യൂരിറ്റി ജീവനക്കാരൻ നിഷേധിച്ചു.
ചോദ്യം ചെയ്യലിനിടെ ശൈലേഷിന്റെ വിചിത്രമായ പെരുമാറ്റം പോലീസിൽ സംശയം ജനിപ്പിച്ചു. നയനയുടെയും മക്കളുടെയും തിരോധാനത്തിന് മുമ്പ് ശൈലേഷ് ഒരു ജൂനിയർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഇയാളെ ചോദ്യംചെയ്തപ്പോൾ വീടിന് പിന്നിൽ രണ്ട് കുഴികൾ കുഴിച്ച് മാലിന്യം നിക്ഷേപിക്കാൻ ശൈലേഷ് തന്നോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ പോലീസിനോട് പറഞ്ഞു. ഈ കുഴിയിൽ പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശൈലേഷ് പോലീസിനോട് കുറ്റം സമ്മതിച്ചു.
സൂറത്തിൽ താമസിച്ചിരുന്ന നയന ഒന്നിച്ച് താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധം പിടിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ശൈലേഷ് പോലീസിന് മൊഴി നൽകി.
Tags : Gujarat Forest Officer Murders Wife And 2 Children Dumps Bodies Pit