ന്യൂഡൽഹി: കളമശേരിയിൽ എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമിയിൽ ജുഡീഷൽ സിറ്റി സ്ഥാപിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാനസർക്കാർ. വിഷയത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എച്ച്എംടിക്കും ബന്ധപ്പെട്ടവർക്കും നോട്ടീസ് അയച്ചു.
പതിറ്റാണ്ടുകൾക്കുമുന്പ് എച്ച്എംടിക്ക് അനുവദിച്ച ഭൂമി കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാൻ കഴിയില്ലെന്ന മുൻ വിധിയിൽ പരിഷ്കരണം ആവശ്യപ്പെട്ടാണു സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.
2023ലെ മുഖ്യമന്ത്രി-ചീഫ് ജസ്റ്റീസ് വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണു ജുഡീഷൽ സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരുടെയും നേതൃത്വത്തിൽ കളമശേരിയിലെ സ്ഥലം സന്ദർശിച്ചശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കിയിരുന്നു.
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിടസൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനികസംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷൽ സിറ്റിയാണു വിഭാവനം ചെയ്യുന്നത്.
Tags : HMT's land Judicial City Suprem Court Kerala Government