ന്യൂഡൽഹി: എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചകൾ സമാപിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി രാജ്യത്തെത്തുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക.
യൂറോപ്പിൽനിന്നുള്ള കാറുകൾക്കും വൈനിനും ഇന്ത്യ കുറഞ്ഞ തീരുവകൾ നൽകുമെന്നതും പകരമായി ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും തുണിത്തരങ്ങൾക്കും രാസവസ്തു മേഖലകൾക്കും യൂറോപ്പ് വലിയ വിപണി തുറന്നുകൊടുക്കുന്നതുമാണ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ.
നാളെമുതൽ ബുധനാഴ്ച വരെ യൂറോപ്യൻ യൂണിയന്റെ സഹഅധ്യക്ഷതയിൽ ഇന്ത്യ നടത്തുന്ന ഉച്ചകോടിക്കിടയിലായിരിക്കും പ്രഖ്യാപനമുണ്ടാകുക. ചർച്ചകൾക്ക് പര്യവസാനം കുറിക്കപ്പെട്ടുവെന്ന പ്രഖ്യാപനം ഉണ്ടായിക്കഴിഞ്ഞാലും യൂറോപ്യൻ പാർലമെന്റ് കരാർ അന്തിമമാക്കാനും അംഗീകരിക്കാനും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുത്തേക്കാം.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ അമേരിക്കയുടെ 50 ശതമാനം തീരുവ ബാധിക്കപ്പെട്ട രാജ്യത്തെ ടെക്സ്റ്റൈൽസ്, ആഭരണം തുടങ്ങിയ മേഖലകൾക്ക് ഊർജമാകുമെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി വിപുലമായി തുറന്നിടുന്ന കരാറിലെ വ്യവസ്ഥ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് ആശങ്കയേകുന്നുണ്ട്.
Tags : India EU trade talks European Union