ന്യൂഡൽഹി: ഹിന്ദുമതത്തിൽപ്പെട്ട യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു പുറത്ത് നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് ആ രാജ്യത്തെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ഇന്ത്യ.
സമാധാനപരമായാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷനു പുറത്ത് യുവാക്കൾ ശനിയാഴ്ച പ്രതിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാൾ പ്രതികരിച്ചു.
എന്നാൽ പ്രതിഷേധിച്ച യുവാക്കൾ ഹൈക്കമ്മീഷന്റെ സുരക്ഷ ലംഘിച്ച് അകത്തു പ്രവേശിക്കാൻ ശ്രമിച്ചെന്നും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നുമാണ് ബംഗ്ലാദേശിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും അല്പ സമയം പ്രതിഷേധിച്ച യുവാക്കളെ പോലീസ് പറഞ്ഞയച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.ദീപു ചന്ദ്രദാസ് എന്ന 25 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു മുന്നിൽ യുവാക്കൾ പ്രതിഷേധവുമായി എത്തിയത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർഥിനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടയിലായിരുന്നു മതനിന്ദ ആരോപിച്ച് ദീപുവിനെതിരായ ആൾക്കൂട്ട ആക്രമണം. അടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയും ക്രൂരത കാട്ടി.
Tags : India protest Bangladesh High Commission misreported