ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഏപ്രിലിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. യുഎസിനു പുറമെ യുകെ, ഒമാൻ എന്നിവയുമായുള്ള പ്രധാന വ്യാപാരക്കരാറുകളും ഏപ്രിലിൽ നടപ്പാക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ നിയമപരമായി അന്തിമമാക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർ അമേരിക്കയിലെത്തി 23 മുതൽ ചർച്ച നടത്തും. കേന്ദ്ര വാണിജ്യ ജോയിന്റ് സെക്രട്ടറി ദർപ്പണ് ജെയിൻ വാഷിംഗ്ടണിലേക്കുള്ള ചീഫ് നെഗോഷ്യേറ്ററായി ഉദ്യോഗസ്ഥസംഘത്തെ നയിക്കും. അടുത്തയാഴ്ച അവസാനം വരെ സംഘം യുഎസിൽ ഉണ്ടാകും.
ഈ ചർച്ചയ്ക്കുശേഷം മാർച്ചിൽ കരാർ ഒപ്പുവച്ച് ഏപ്രിലിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി ഗോയൽ വ്യക്തമാക്കി. കരാറിൽ ഒപ്പുവയ്ക്കാൻ യുഎസ് വ്യാപാര പ്രതിനിധി (യുഎസ്ടിആർ) ജാമിസണ് ഗ്രീർ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണു പ്രതീക്ഷ.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിന്റെ നിയമ ചട്ടക്കൂടിന് വാഷിംഗ്ടണിലെ ചർച്ചകളിൽ അന്തിമരൂപം നൽകുമെന്നും കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്നും ഗോർ പറഞ്ഞു.
കഴിഞ്ഞ ഏഴിനാണ് ഇന്ത്യയുമായി വ്യാപാരക്കരാർ നടപ്പാക്കുമെന്ന് ആദ്യം അമേരിക്ക പ്രഖ്യാപിച്ചത്. പിന്നീടാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇതിൽ ഇന്ത്യയിലെ കർഷകരുടെ ആശങ്കകൾ അന്തിമചർച്ചയിൽ പരിഹരിക്കപ്പെടുമോയെന്നു വ്യക്തമല്ല.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) അടക്കമുള്ള ചർച്ചകളുടെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേലുമായുള്ള വ്യാപാരക്കരാറിന്റെ ആദ്യ റൗണ്ട് ചർച്ചകൾ 23 മുതൽ ന്യൂഡൽഹിയിൽ നടക്കും. കരാറിന്റെ നിബന്ധനകൾ കഴിഞ്ഞ വർഷം നവംബറിൽ ഒപ്പുവച്ചു.
കാനഡയുമായുള്ള സമഗ്ര സാന്പത്തിക പങ്കാളിത്തക്കരാറിന്റെ (സിഇപിഎ) നിബന്ധനകൾ (ടിഒആർ) മാർച്ച് ആദ്യം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനവേളയിൽ അന്തിമമാക്കാൻ കഴിയുമെന്ന് ഗോയൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ 24ന് യുകെയുമായും ഡിസംബർ 18ന് ഒമാനുമായും ഒപ്പുവച്ച സമഗ്ര സാന്പത്തിക, വ്യാപാരക്കരാറുകളും (സിഇടിഎ) ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രി ഗോയൽ പറഞ്ഞു. സെപ്റ്റംബറിൽ ഒപ്പുവച്ച ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) അടുത്ത സെപ്റ്റംബറോടെ പ്രവർത്തനക്ഷമമായേക്കും. അതേസമയം, 27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനുമായി ജനുവരിയിൽ ഒപ്പുവച്ച എഫ്ടിഎ എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന് വ്യക്തമല്ല.
Tags : India US trade deal India US minister piyush goyal