ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം വീണ്ടും റദ്ദാക്കി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കുന്നത്. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചാണ് നെതന്യാഹുവിന്റെ സന്ദർശനം മാറ്റിവച്ചതെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് കാരണമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണ വിശ്വാസമുണ്ടെന്നും നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയ തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡിസംബർ പകുതിയോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഡൽഹി സ്ഫോടനത്തെയും നെതന്യാഹുവിന്റെ സന്ദർശനത്തെയും ബന്ധിപ്പിക്കുന്നതു നിരുത്തരവാദപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Tags : Israeli Prime Minister Benjamin Netanyahu's India visit