ന്യൂഡൽഹി: ജമ്മു കാഷ്മീരുമായും അവിടെ പ്രവർത്തിക്കുന്ന പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായുമുള്ള ഡൽഹി സ്ഫോടനത്തിന്റെ ബന്ധം സ്ഥിരീകരിച്ചു. എന്നാൽ, ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകൾ കുറവാണെന്നത് സുരക്ഷാ ഏജൻസികളെ കുഴപ്പിക്കുന്നുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലൂടെയും കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി അടക്കമുള്ളവർക്ക് പാക് ഭീകരഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയുമെന്നാണ് സൂചന.
അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ തുടർന്നും പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഉന്നതതല ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒക്ടോബർ 27ന് ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ടതു മുതൽ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്ടർമാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തർ പോസ്റ്റർ പതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്നാഗിലെ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലിൽനിന്നു കിട്ടിയ വിവരങ്ങളാണ് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്ടർമാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.
ദേശീയ അന്വേഷണ ഏജൻസി, രഹസ്യാന്വേഷണ വിഭാഗം, ഡൽഹി പോലീസ് തുടങ്ങിയവരെല്ലാം യോജിച്ചു നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലുമാണ് ഭീകരാക്രമണത്തിന്റെ കൃത്യമായ വഴികളിലേക്കു വെളിച്ചം വീശിയത്.
Tags : Jaish-e-Mohammad Delhi blast Red Fort blast Chenkota blast