ജമ്മു: ജമ്മുകാഷ്മീരിലെ കഠുവയിൽ കൊടുംഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) കമാൻഡറായ പാക് പൗരൻ ഉസ്മാൻ എന്ന അബു മാവിയയെയാണു സൈന്യം വധിച്ചത്. ഭീകരവിരുദ്ധ നടപടിയിൽ നിർണായക വിജയമാണി തെന്ന് സൈനികകേന്ദ്രങ്ങൾ വിലയിരുത്തുന്നു.
അതിർത്തിയിലൂടെ നുഴഞ്ഞുകയറിയശേഷം ഏതാനും വർഷങ്ങളായി ഉധംപുർ-കഠുവ മേഖലയിൽ ഏറെ തലവേദന സൃഷ്ടിച്ചിരുന്ന ഭീകരനാണ് ഉസ്മാൻ.
ഒട്ടേറെത്തവണ സുരക്ഷാസേനയുടെ പിടിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടു. കഴിഞ്ഞ ഏഴിന് കാഹോഗ് വനമേഖലയിൽനിന്നും ആറുദിവസത്തിനുശേഷം നാജോതി വനമേഖലയിൽനിന്നും തലനാരിഴയ്ക്കാണ് ഇയാൾ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ഇന്നലെ ബില്ലാവാർ മേഖലയിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് ഉസ്മാനെ വധിക്കാനായതെന്ന് ജമ്മു റേഞ്ച് ഐജി ഭീം സെൻ തുടി അറിയിച്ചു.
എം4 ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ഒരു വീട് പരിശോധിക്കുന്നതിനിടെ വെടിയൊച്ച ഉയരുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരനെ വധിക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽത്തന്നെ കൊടുംഭീകരനെ വകവരുത്താൻ സുരക്ഷാസേനയ്ക്കു കഴിഞ്ഞു.
കിസ്ത്വാറിലെ ചത്രൂ മേഖലയിലെ സോന്നാർ, മന്ദ്രൽ-സിംഗ്പോറ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ഭീകരർക്കായി ഏഴാംദിവസവും സുരക്ഷാസേന തെരച്ചിലിലാണ്.
റിപ്പബ്ലിക് ദിനം ഉൾപ്പെടെ പരിഗണിച്ച് പരിശോധനകൾ സമീപ ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Tags : Jaish terrorist killed Jammu Jaish leader Abu Mawi alias Usman Pakistani national killed army