ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കമ്മീഷനെ നിയോഗിക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കും പള്ളികള്‍ക്കും നേരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണങ്ങളാണോ എന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. ആരാധനാസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണം.
ഇത്തരം അക്രമങ്ങള്‍ തടയാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നുവെന്നും ഇതില്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ പള്ളികളില്‍ കാവിക്കൊടി കെട്ടിയ സംഭവത്തിലും, കരോള്‍ സംഘങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും സമാനമായ രീതിയില്‍ ജോസ് കെ. മാണി പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Tags : Jose k mani attacks on christians churches across india All party Meet