ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കാതെ സുപ്രീംകോടതി. സാക്ഷിമൊഴികൾ കാണാതെ കേസിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ രേഖകൾ കാണണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
സാക്ഷിമൊഴിയടക്കമുള്ള രേഖകൾ 15 ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ജസ്റ്റീസുമാരായ സഞ്ജീവ് കരോൾ, എസ്.സി. ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിനെ എതിർത്ത് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് ലഭിക്കേണ്ടതിലും കൂടുതൽ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും രമ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് രമയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് ആരോപിച്ചു. എന്നാൽ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ പി.വി. ദിനേശ് ഇതിനെ ശക്തിയായി എതിത്തു. സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കാതെ ഇത്തരം പരാമർശം പാടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചതായി രമ കോടതിയിൽ പറഞ്ഞു. കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.
Tags : Jyoti Babu's bail TP murder case Supreme Court