ന്യൂഡൽഹി: രാജ്യത്ത് തഴച്ചുവളരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താവിന്റെ പണം നഷ്ടപ്പെടുന്നത് തടയാൻ അവരുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ സാന്പത്തിക ഇടപാടുകളും നിമിഷനേരംകൊണ്ട് നിർത്താൻ അനുവദിക്കുന്ന ‘കിൽ സ്വിച്ച്’ എന്ന ആശയം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതിയാണ് രാജ്യവ്യാപകമായി ഈ ആശയം നടപ്പാക്കുന്നത് പരിശോധിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നു എന്ന് തോന്നിയാൽ ഉടനടി ബാങ്ക് ഇടപാടുകൾ മരവിപ്പിക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യയിലാകെ 3000 കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്.
വഞ്ചനാപരമായ ഇടപാടുകൾ തിരിച്ചറിയാൻ കഴിയുമോ എന്നും അത്തരം ഇടപാടിലൂടെ ലഭിക്കുന്ന പണം ഒന്നിലധികം അക്കൗണ്ടുകളിൽ വിഭജിക്കുന്നത് തടയാൻ കഴിയുമോ എന്നും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്. അതോടൊപ്പം ഓണ്‍ലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.
പ്രവർത്തനം ഇങ്ങനെ
ഉപഭോക്താക്കൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏതെങ്കിലും യുപിഐ ആപ്പുകളിലോ ബാങ്കിംഗ് ആപ്പുകളിലോ ഒരു പ്രത്യേക “എമർജൻസി ബട്ടണ്‍’ ഉൾപ്പെടുത്തുന്ന രീതിയാണ് പരിഗണിക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് പോലെ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നതായി തോന്നിയാൽ ഈ ബട്ടണ്‍ അമർത്തുന്നതിലൂടെ അക്കൗണ്ടിൽനിന്നുള്ള എല്ലാ സാന്പത്തിക ഇടപാടുകളും ഉടനടി തടയാൻ സാധിക്കും.
Tags : Kill switch prevent digital arrest