ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്കു കടന്നു.
സൈന്യവുമായി ഏറ്റുമുട്ടിയശേഷം വനമേഖലയിലേക്കു കടന്ന ഭീകരരെ പിടികൂടുന്നതിനായി സർവ സന്നാഹവുമായി സൈന്യം തെരച്ചിൽ നടത്തുകയാണ്.
സോന്നാർ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സൈനികർക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റിരുന്നു. ഇവരിൽ അർധസൈനിക വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിംഗിന്റെ ജീവൻ നഷ്ടമായതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
ഇദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാടായ ഉത്തരാഖണ്ഡിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഭീകരരെ ഏതുവിധേനയും പിടികൂടുമെന്നും ഓപ്പറേഷൻ ത്രാഷി-1 എന്ന പേരിൽ സൈനികനടപടി ആരംഭിച്ചിച്ചിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Kishtwar encounter terrorists Jammu