ന്യൂഡൽഹി: ഉന്നാവോ പീഡന ഇരയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കോടതി തയ്യാറായില്ല. അതേസമയം, സെൻഗറിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകൾ മുൻഗണനാ ക്രമത്തിൽ കേൾക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് അതീവ ഗുരുതരമാണെന്നും ധാർമ്മികാധഃപതനത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. പത്ത് വർഷത്തെ തടവ് ശിക്ഷയിൽ ഏകദേശം ഒൻപതര വർഷത്തോളം സെൻഗർ ജയിലിൽ പൂർത്തിയാക്കിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ജാമ്യം നൽകിയില്ല.
സെൻഗർ തന്റെ ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലും, സെൻഗറിന്റെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ കുടുംബം നൽകിയ അപ്പീലും ഒരുമിച്ച് കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിനായി ഒരാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഉന്നാവോ പീഡനക്കേസിലെ ഇരയുടെ പിതാവിനെ സെൻഗറിന്റെ ഒത്താശയോടെ പോലീസ് അറസ്റ്റ് ചെയ്യുകയും, 2018 ഏപ്രിൽ ഒൻപതിന് കസ്റ്റഡിയിൽ വെച്ച് ക്രൂരമായ മർദ്ദനത്തെ തുടർന്ന് അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസിൽ 2020 മാർച്ചിലാണ് സെൻഗറിനെ പത്ത് വർഷം തടവിന് ശിക്ഷിച്ചത്. പീഡനക്കേസിൽ നേരത്തെ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പീഡനക്കേസിലെ സെൻഗറിന്റെ ശിക്ഷ ഡൽഹി ഹൈക്കോടതി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും, സിബിഐയുടെ അപ്പീലിനെ തുടർന്ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരുന്നു. നിലവിൽ ഈ കസ്റ്റഡി മരണക്കേസിലും ജാമ്യം ലഭിക്കാത്തതിനാൽ സെൻഗർ ജയിലിൽ തന്നെ തുടരും.
Tags : Kuldeep Singh Sengar ; Supreme Court Unnao Rape Case