പാറ്റ്ന: കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടു. ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ലാലു പ്രസാദിന്റെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടത്.
ലാലുവിന്റെ മക്കളായ രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പാറ്റ്നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താൻ ആർജെഡി വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ പറഞ്ഞിരുന്നു. ഇതാണ് കുടുംബ പ്രശ്നങ്ങൾ വഷളാക്കിയത്. ഇതോടെ മറ്റു മക്കൾ കടുത്ത മാനസിക സമ്മർദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ആർജെഡിയുടെ തോല്‍വിക്ക് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാർട്ടി വിടുന്നതായി രോഹിണി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നും രോഹിണി പറഞ്ഞിരുന്നു.
Tags : RJD ROHINI Lalu Prasad Yadav RJD chief Rajlakshmi Ragini Chanda