ന്യൂഡൽഹി: അസാധാരണ സംഭവങ്ങളിൽ ഒഴികെ കക്ഷികൾക്കു നൽകുന്ന നിയമോപദേശത്തിന്റെ പേരിൽ അഭിഭാഷകർക്കു സമൻസയച്ച് അവരെ വിളിച്ചുവരുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള അന്വേഷണ ഏജൻസികൾക്കു സാധിക്കില്ലെന്ന് സുപ്രീംകോടതി.
ഭാരതീയ സാക്ഷ്യ അധിനിയം 2023 (ബിഎസ്എ) ന്റെ സെക്ഷൻ 132ൽ പട്ടികപ്പെടുത്തിയിരിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ അഭിഭാഷകർക്കു സമൻസ് അയയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കൂവെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കക്ഷികൾ അഭിഭാഷകനുമായി പങ്കിട്ട വിവരങ്ങൾ, രേഖകൾ തുടങ്ങിയവ കക്ഷികളുടെ സമ്മതം കൂടാതെ വെളിപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്കു നിർബന്ധിക്കാൻ കഴിയില്ല. ഇത്തരം സാഹചര്യത്തിൽ അഭിഭാഷകർക്കു നൽകുന്ന സമൻസുകൾ പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത മേലുദ്യോഗസഥൻ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതോടൊപ്പം അഭിഭാഷകരിൽനിന്നു പിടിച്ചെടുക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ അധികാരപരിധിയിലുള്ള വിചാരണക്കോടതിയിൽ ഹാജരാക്കണം.
അഭിഭാഷകന്റെയും ബന്ധപ്പെട്ട കക്ഷികളുടെയും സാന്നിധ്യത്തിൽ മാത്രമേ അവ തുറക്കാവൂ എന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ പുറപ്പെടുവിക്കുന്ന സമൻസ് പ്രതികളുടെ മൗലികാവകാശത്തെയും അഭിഭാഷകരുമായി അവർ പുലർത്തുന്ന രഹസ്യ സ്വഭാവത്തിന്റെ വിശ്വാസ്യതയെ ബാധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അഭിഭാഷകനുമായുള്ള ആശയവിനിമയത്തിലേക്ക് നിയമവിരുദ്ധമായ കാര്യങ്ങൾ വ്യാപിപ്പിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.
Tags : Supreme Court Legal advice lawyers