ന്യൂഡൽഹി: ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് റിപ്പോർട്ട് തേടി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും നിർദേശമുണ്ട്.
എംപിമാരായ ഷാഫിപറമ്പിലിൽ, കൊടിക്കുന്നിൽസുരേഷ് എന്നിവരുടെ പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിന്റെ നടപടി. പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഷാഫി പരാതി നല്‍കിയത്.
പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
റൂറല്‍ എസ്പി കെ.ഇ.ബൈജുവിനെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. പേരാമ്പ്രയില്‍ ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. അതിലേക്കാണ് താന്‍ പോയത്. അവിടെ ക്രമസമാധാന പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് ഇടപെട്ട് പ്രശ്നം വഷളാക്കിയെന്നും പരാതിയിൽ പറയുന്നു.
Tags : shafiparambil congress vadakara