ന്യൂഡൽഹി: ഏഴ് ആഡംബര ബിഎംഡബ്ല്യു കാറുകൾ വാങ്ങാനായി ലോക്പാൽ ക്ഷണിച്ച വിവാദ ടെൻഡർ സാമൂഹിക പ്രത്യാഘാതത്തെത്തുടർന്നു റദ്ദാക്കി. ഇന്ത്യയുടെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാൽ അഞ്ച് കോടി രൂപ വീതം വില വരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള കരാർ ക്ഷണിച്ചതിലെ വൈരുധ്യം പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ചോദ്യം ചെയ്തതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.
ബിഎംഡബ്ല്യു 3 സീരീസിലെ 330ലി കാറുകൾ വാങ്ങാനായി കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് പ്രശസ്ത ഏജൻസികളിൽനിന്ന് ലോക്പാൽ ടെൻഡർ ക്ഷണിച്ചത്. ലോക്പാലിന്റെ ചെയർപേഴ്സണും ആറ് അംഗങ്ങൾക്കും കൂടിയായിരുന്നു കാറുകൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ അഴിമതി വിരുദ്ധമായ ഭരണം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഒരു സ്ഥാപനം ആഡംബരത്തിനു പിന്നാലെ പായുന്നതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും സമൂഹമാധ്യമങ്ങളിലെ സാധാരണക്കാരും വിമർശനങ്ങളുന്നയിച്ചതിനു പിന്നാലെയാണ് വിവാദ 'ആഡംബര' കരാർ ലോക്പാൽ പിൻവലിച്ചിരിക്കുന്നത്.
ലോക്പാലിന്റെ പൂർണ ബെഞ്ച് പാസാക്കിയ ഒരു പ്രമേയത്തെത്തുടർന്നാണ് കരാർ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും അതിനു ശേഷം ഡിസംബർ 16ന് ഒരു കോറിജെൻഡം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.