മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഓടുന്ന ട്രെയിനിൽ നിന്നും വൈതർണ പുഴയിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബോയ്സ്ർ സ്വദേശി ഉദയ് വാങ്കാഡ് (32) ആണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി 10നാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉദയ് ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണത്. റെയിൽവേ പാലത്തിന്റെ തൂണിലെ ഇരുമ്പ് കമ്പികളിൽ മറുകെ പിടിച്ചു കിടന്നതിനാൽ ഉദയ് ഒഴുക്കിൽപ്പെടാതെ രക്ഷപ്പെട്ടു.
രാത്രി 10 :15 ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ രമേശ് സിംഗ് ആണ് വെള്ളത്തിലെ അനക്കം ശ്രദ്ധിച്ചത്. ടോർച്ച് വെളിച്ചം കണ്ട ഉദയ് സഹായത്തിനായി നിലവിളിക്കുകയും വെള്ളം തെറിപ്പിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.
ഉദയ്യെ രക്ഷപ്പെടുത്താൻ സഹായത്തിനായി രമേശ് സുഹൃത്തിനെ വിളിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തിയ അദ്ദേഹവും നാട്ടുകാരും ചേർന്ന് ഉദയ്യെ കരയ്ക്കെത്തിച്ചു.
രക്ഷപ്പെടുത്തിയ ശേഷം ഉദയ്യെ വൈതർണ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിക്കുകയും തുടർന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഉദയ് എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Tags : Fall Vaitarna River Train help