ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്‍റെ അന്വേഷണച്ചുമതല എന്‍ഐഎയ്ക്ക്. തിങ്കളാഴ്ച രാവിലെ ഫൂഗക്ചാവോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നഗൗക്കോണില്‍ ഉണ്ടായ തുടര്‍ച്ചയായ സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പുലര്‍ച്ചെ 5.45 ഓടെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍വച്ചാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രാവിലെ 8.45 ഓടെയായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കേസ് കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി സംസ്ഥാന പോലീസ് പ്രസ്താവനയിറക്കി.
സ്‌ഫോടനം നടന്നതിന്‍റെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുന്നതായും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ഇന്‍ഡിജീനസ് പീപ്പിള്‍ ഓര്‍ഗനൈസേഷന്‍, ഓള്‍ മണിപ്പുര്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്‌ഫോടനങ്ങളെ കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് മെയ്‌തെയ് സിവില്‍ ഓര്‍ഗനൈസേഷന്‍ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്‍റഗ്രിറ്റിയും ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കുക്കി-മെയ്‌തേയ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇതിനോടകം 260ല്‍ അധികമാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് 2025 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലാണ്.
Tags : Manipur blast NIA investigation