ഇംഫാൽ: മണിപ്പുർ കലാപത്തിന്റെ ഇരയായി എംഎൽഎയും. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മൂന്നുവർഷത്തോളമായി ചികിത്സയിലായിരുന്ന ബിജെപി എംഎൽഎ വാംഗ്സാഗിൻ വാൽറ്റെയാണു മരണത്തിനു കീഴടങ്ങിയത്.
തൻലോൺ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്. 61 കാരനായ എംഎൽഎ കഴിഞ്ഞ എട്ടാംതീയതി മുതൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഇംഫാലിലെ വസതിയിൽ കഴിഞ്ഞിരുന്ന മുൻ മന്ത്രികൂടിയായ വാൽറ്റെയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുഖ്യമന്ത്രി വൈ.ഖേംചന്ദിന്റെ നിർദേശത്തെത്തുടർന്ന് ഡൽഹിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
ചുരാചന്ദ്പുരിലെ മുവൽനുവാമിൽ 1964 ലാണു ജനനം. ബിരുദം പൂർത്തിയാക്കിയശേഷം മണിപ്പുർ രാഷ്ട്രീയത്തിൽ സജീവമായി. 2012 മുതൽ മൂന്നുതവണ ഫെർസാളിലെ തൻലോണിൽനിന്ന് നിയമസഭയിലെത്തി.
കോൺഗ്രസ് ടിക്കറ്റിലാണ് ആദ്യജയം. പിന്നീട് ബിജെപിയിൽ ചേർന്നു. എൻ. ബിരേൻ സിംഗ് സർക്കാരിൽ ഗോത്രവർഗ, പൊതുഭരണ, ഗതാഗത വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
2023 മേയ് മാസത്തിലാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. നാലാം തീയതി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിനുശേഷം പുറത്തിറങ്ങിയ വാൽറ്റെയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകളിലും ആഴത്തിൽ പരിക്കേറ്റ വാൽറ്റെ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.
Tags : Manipur riots Wangsagin Valte MLA passes away Manipur BJP MLA