ന്യൂഡൽഹി: വിവരാവകാശ നിയമം പുനഃപരിശോധിക്കണമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ ശിപാർശയ്ക്കെതിരേ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. മോദി സർക്കാർ വിവരാവകാശ നിയമത്തെ (ആർടിഐ) വ്യവസ്ഥാപിതമായി തകർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തെ കാലാകാലങ്ങളായി ബിജെപി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. 2014 മുതൽ ഇതുവരെ നൂറിലധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. യുപിഎ സർക്കാർ പാസാക്കിയ വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം (സ്വന്തം സംഘടനയിലെയോ വകുപ്പിലെയോ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിയമം) ബിജെപി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
2019ൽ വിവരാവകാശ കമ്മീഷണർമാരുടെ നിയമനകാലാവധിയും വേതനവും നിർണയിക്കുന്നതിന്റെ നിയന്ത്രണം ഏറ്റെടുത്തതിലൂടെ സ്വതന്ത്ര നിരീക്ഷകരായിരുന്നവരെ വിധേയരായ ഉദ്യോഗസ്ഥരാക്കി മാറ്റിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം വരെ കേന്ദ്ര വിവരാവകാശ കമ്മീഷൻ മുഖ്യ വിവരാവകാശ കമ്മീഷണറില്ലാതെയാണു പ്രവർത്തിച്ചത്. 2025 വരെയുള്ള കണക്കനുസരിച്ച് വിവരാവകാശത്തിനു കീഴിൽ 26,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ കൊന്നതിനുശേഷം ഇപ്പോൾ ആർടിഐ നിയമത്തിന്റെ ഊഴമാണോയെന്നും ഖാർഗെ ചോദിച്ചു.
വിവരാവകാശം ഭരണനിർവഹണത്തിനു തടസം നിൽക്കുകയാണെന്നും അതിനാൽ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നൽകരുതെന്നുമാണ് സാന്പത്തിക സർവേ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്. ഭരണനിർവഹണത്തിനു തടസമായ വെളിപ്പെടുത്തലുകൾ തടയാൻ മന്ത്രിതല വീറ്റോ അധികാരം ഏർപ്പെടുത്തുന്നത് ആലോചിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു.
Tags : Kharge Congress President Modi Right to Information Act Modi government