ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കുന്നതിന് വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ തടയണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി. നഡ്ഡ.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതികളെയും പ്രതിപക്ഷം ദുർബലപ്പെടുത്തരുതെന്നും രാജ്യസഭയിൽ ഇന്നലെ തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ച അവസാനിപ്പിച്ചു നടത്തിയ പ്രസംഗത്തിൽ നഡ്ഡ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് യന്ത്രങ്ങളെയും (ഇവിഎം) ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസും പ്രതിപക്ഷവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്യസഭാനേതാവ് കൂടിയായ നഡ്ഡ ആരോപിച്ചു.
വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ കർത്തവ്യമാണ്. രാജ്യത്തെ യോഗ്യരായ ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ല. പൗരന്മാർ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഒഴിവാക്കേണ്ടതു ജനാധിപത്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. അനധികൃതവും മരിച്ചുപോയവരും അടക്കമുള്ള വോട്ടർമാരെ 2010 മുതൽ ഇല്ലാതാക്കുന്നത് നടന്നിട്ടില്ലാത്തതിനാൽ എസ്ഐആർ നടപ്പിലാക്കേണ്ടത് കൂടുതൽ പ്രധാനമാണെന്നും നഡ്ഡ പറഞ്ഞു.
വോട്ടർപട്ടികയെക്കുറിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും നഡ്ഡ ആരോപിച്ചു. ലോക്സഭയിലെ ചർച്ചയുടെ അവസാനം ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ അതേ രീതിയിലായിരുന്നു കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തിയുള്ള നഡ്ഡയുടെ പ്രസംഗം.
Tags : JP Nadda voter list infiltrators BJP President