ന്യൂഡൽഹി: ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്കറിന്റെ 69-ാം ചരമവാർഷികദിനത്തിൽ (മഹാപരിനിർവാണ്‍ ദിവസ്) അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവർ പാർലമെന്റ് സമുച്ചയത്തിലെ പ്രേരണാസ്ഥലിലുള്ള അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അംബേദ്കറിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും നീതിയോടും സമത്വത്തോടും ഭരണഘടനാവാദത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും നമ്മുടെ രാഷ്ട്രത്തിനു മാർഗമായി തുടരുന്നുവെന്ന് അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
“സമത്വം, നീതി, മാനുഷിക മഹത്വം എന്നിവയിലുള്ള അംബേദ്കറിന്റെ കാലാതീതമായ പൈതൃകം ഭരണഘടന സംരക്ഷിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ ഉൾക്കൊള്ളുന്നതും അനുകന്പയുള്ളതുമായ ഇന്ത്യയ്ക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിനു പ്രചോദനം നൽകുകയും ചെയ്യുന്ന”ുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ജീവിതത്തിലുടനീളം ബാബാസാഹെബ് വ്യക്തിസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടുവെന്നും രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനമായ ഭരണഘടനയും അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളും എപ്പോഴത്തേയുംകാൾ അധികമായി ഇന്ന് സംരക്ഷിക്കാനും പ്രതിരോധിക്കാനും നമ്മൾ ആഹ്വാനം ചെയ്യപ്പെടുന്നുവെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
Tags : Ambedkar Nation remembers death anniversary