മുംബൈ: അജിത് പവാറിന്റെ മരണശേഷം ആദ്യമായി വിശദമായ എൻസിപി (അജിത്) പാർട്ടി യോഗം ഇന്ന് ചേരും. ഉപമുഖ്യമന്ത്രി സുനേത്ര പവാർ പങ്കെടുക്കും. എംഎൽഎമാരെ സുനേത്ര വ്യക്തിപരമായും കാണും.
പാർട്ടിയുടെ മുന്നോട്ടുള്ള നീക്കങ്ങൾ, ശരദ് പവാർ വിഭാഗവുമായുള്ള ലയനം എന്നിവ സംബന്ധിച്ച് ഓരോരുത്തരുടെയും മനസറിയുകയാണു ലക്ഷ്യം. പാർട്ടി എംഎൽഎമാരിൽ പലരും ശരദ് വിഭാഗവുമായി ലയിക്കണമെന്ന അഭിപ്രായമുള്ളവരാണ്. അതുവഴി അജിത് പവാറിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർ നിലവിലുള്ള സ്ഥിതി തുടർന്നാൽ മതിയെന്ന പക്ഷക്കാരാണ്.
ലയിച്ചാൽ പാർട്ടിക്കുമേൽ തങ്ങൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്നും ശരദ് പവാർ ഉൾപ്പെടെ പിടിമുറുക്കുമെന്നുമാണു പട്ടേൽ അടക്കമുള്ളവരുടെ ആശങ്ക. നേരത്തെ രണ്ട് എൻസിപി വിഭാഗങ്ങളും ലയിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതല അനന്തരവൻ അജിത് പവാറിനും ഡൽഹിയിലെ ചുമതല മകൾ സുപ്രിയ സുലെയ്ക്കും കൈമാറി ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും തീരുമാനിച്ചിരുന്നു.
ഫെബ്രുവരി 12ന് ലയനം നടക്കേണ്ടതായിരുന്നു. എന്നാൽ അജിത് പവാറിന്റെ അപ്രതീക്ഷിത മരണം പദ്ധതികളെല്ലാം തകിടം മറിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് വിഭാഗങ്ങളും രണ്ട് വഴിക്ക് നീങ്ങുകയും ലയനം മാറ്റിവയ്ക്കുകയുമായിരുന്നു.
Tags : NCP Ajit pawar party meeting merging Sunetra Pawar